കാൾ മാർക്സ് ഒരു നൂറ്റാണ്ടിന്റെ ആവേശം കമ്യുണിസം സോഷ്യലിസം

 കാൾ മാർക്സ്   ഒരു നൂറ്റാണ്ടിന്റെ ആവേശം
         

*"ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു''*

യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന്റെ ജീവിതത്തിന് തിരശ്ശീല വീണത് 1883 മാര്‍ച്ച് 14നായിരുന്നു. പ്രക്ഷുബ്ധമായ സമുദ്രംപോലെ സംഭവബഹുലമായ 65 വര്‍ഷം മാര്‍ക്സ് ജീവിച്ചു. അംബരചുംബികളായ മാടമ്പിക്കൊട്ടാരങ്ങളും സന്യാസിമഠങ്ങളും ആശ്രമങ്ങളും തൊട്ടുരുമ്മി നിന്ന ജര്‍മനിയിലെ ട്രിയര്‍ നഗരത്തില്‍ 1818 മെയ് അഞ്ചിന് കാള്‍ മാര്‍ക്സ് ജനിച്ചു. മെത്രാപോലീത്തയുടെ ആസ്ഥാനംകൂടിയായിരുന്നു അത്. 23-ാമത്തെ വയസ്സില്‍ ചരിത്രത്തിലും തത്വശാസ്ത്രത്തിലും മാര്‍ക്സ് ബിരുദം നേടി. പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പത്രസ്വാതന്ത്യ്രത്തെക്കുറിച്ചായിരുന്നു ആദ്യലേഖനങ്ങള്‍. 'ജീവിക്കുകയും എഴുതുകയും ചെയ്യണമെങ്കില്‍ എഴുത്തുകാരന് അഷ്ടിക്കുള്ള വക കിട്ടണമെന്നത് ശരിതന്നെ. എന്നാല്‍, അഷ്ടിക്കുള്ള വകയുണ്ടാക്കാന്‍മാത്രം ജീവിക്കുകയും എഴുതുകയും ചെയ്യുകയെന്ന നിലയുണ്ടാകരുത്. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യം വ്യാപാരത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. തന്റെ ഭൌതികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരുപാധിയായി പത്രപ്രവര്‍ത്തനത്തെ തരംതാഴ്ത്തുന്നവരുടെ അസ്തിത്വംതന്നെ അയാള്‍ക്കൊരു ശിക്ഷയാണ്.'  അതായിരുന്നു മാര്‍ക്സിന്റെ കാഴ്ചപ്പാട്. സൌരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ഗലീലിയോയും ജീവപ്രപഞ്ചത്തിന്റെ വികാസനിയമങ്ങള്‍ ഡാര്‍വിനും സമര്‍ഥിച്ചെങ്കില്‍ മാനവചരിത്രത്തിന്റെ വികാസനിയമങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കിയത് മാര്‍ക്സായിരുന്നു. 1847ല്‍ കൊളോണ്‍ കേന്ദ്രമായി രൂപീകൃതമായ കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍വചിക്കുന്ന ഒരു രേഖ തയ്യാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ടതനുസരിച്ചാണ് 1848ല്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിച്ചത്. മാനിഫെസ്റ്റോ ലോകമെമ്പാടും നൂറ്റമ്പതിലധികം ഭാഷകളില്‍ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ വന്‍കരകളിലും കമ്യൂണിസ്റ്റുകാരുണ്ട്. ജനകോടികളുടെ വിശ്വാസപ്രമാണവുമാണ് മാര്‍ക്സിസം. മനുഷ്യസമൂഹത്തിന്റെ വികാസപരിണാമ ചരിത്രം അടയാളപ്പെടുത്തിയ ദീര്‍ഘദര്‍ശിയാണ് മാര്‍ക്സ്. അതിനാലാണ് മാര്‍ക്സിന്റെ നാമധേയം അനശ്വരമാകുന്നത്. മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച് 19 വര്‍ഷം കഴിഞ്ഞപ്പോഴാണ് മാര്‍ക്സ് മൂലധനം പ്രസിദ്ധീകരിച്ചത്. ആഡംസ്മിത്തും ആല്‍ഫ്രഡ് മാര്‍ഷ്യലും കെയിന്‍സും ആവിഷ്കരിച്ച സാമ്പത്തികശാസ്ത്രത്തിന് പ്രതിസന്ധികളെ അതിജീവിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൂലധനം ആവര്‍ത്തിച്ച് വായിക്കുകയും വ്യാഖ്യാനിക്കുകയുമാണ് സാമ്പത്തിക  സൈദ്ധാന്തികര്‍. മുതലാളിത്തം ഒരു പ്രതിസന്ധി മറികടക്കുമ്പോള്‍ വേറൊന്ന് മുന്നില്‍ വന്നുനില്‍ക്കും. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുടെ ഘോഷയാത്രകളാണ് ലോകജനത കാണുന്നത്. ചരിത്രത്തിന്റെ പാദമുദ്രകളെ ഭൌതികവാദ നിയമമനുസരിച്ചാണ് മാര്‍ക്സ് വിശകലനം ചെയ്തത്. പ്രകൃതി, ആശയം, സാമൂഹ്യവ്യവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളിലെ വിരുദ്ധശക്തികള്‍ ഏറ്റുമുട്ടുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഐക്യമാണ് അവയുടെ നിലനില്‍പ്പിന് അടിസ്ഥാനം. ഏറ്റുമുട്ടലുകളിലൂടെ നിലവിലുള്ളതില്‍നിന്ന് പുതിയതുണ്ടാകുന്നു. ഇത് പ്രക്രൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്സ് ആവിഷ്കരിച്ച ഈ നിയമമാണ് മനുഷ്യന്റെ ജീവിതപുരോഗതിക്ക് നിദാനമായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യരാശിയുടെ മുന്നോട്ടുപോക്കിന് മാര്‍ഗദര്‍ശനം നല്‍കുന്നത്. മാര്‍ക്സിന്റെ ജീവിതം പ്രതിസന്ധി നിറഞ്ഞതായിരുന്നു. "നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എന്റെ ജോലിക്ക് സാമൂഹ്യമായ ചില പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഭംഗം വരുത്തുന്നു. അങ്ങനെ ഒട്ടേറെ സമയം നഷ്ടപ്പെടുന്നു. ഇന്ന് ഉദാഹരണത്തിന് അറവുകാരന്‍ ഞങ്ങള്‍ക്ക് ഇറച്ചി തരുന്നത് നിര്‍ത്തി. ശനിയാഴ്ചയാകുമ്പോഴേക്കും കടലാസിന്റെ സ്റ്റോക്ക് തീരും. നിങ്ങള്‍ക്കറിയാമല്ലോ എന്റെ എല്ലാ സ്വത്തുക്കളും ഞാന്‍ വിപ്ളവസമരത്തിനായി ത്യജിച്ചു. എനിക്കതില്‍ സങ്കടമേതുമില്ല. എന്റെ ജീവിതം ഒരിക്കല്‍ക്കൂടി ആദ്യംമുതല്‍ തുടങ്ങണമെങ്കില്‍ ഞാന്‍ ഇതുതന്നെ ചെയ്യും''- മാര്‍ക്സ് പറഞ്ഞു. മാര്‍ക്സിന്റെ മാതാപിതാക്കള്‍ സാമാന്യം സമ്പന്നരായിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ക്സ് വളര്‍ന്നുവന്നത്. 'എനിക്ക് വേണ്ട ശാന്തസ്വച്ഛ ജീവിതം ഭൂമി നടുക്കും കൊടുങ്കാറ്റില്‍ കരുത്താണെന്നാത്മാവില്‍, എന്റെ ജീവിതം സംഘര്‍ഷങ്ങളാല്‍ നിറയട്ടെ, ഉന്നതമാകും മഹാലക്ഷ്യമൊന്നണഞ്ഞീടാന്‍' എന്ന വരികളും മാര്‍ക്സ് കുറിച്ചുവച്ചു. 1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവവും തൊഴിലാളിവര്‍ഗത്തിന്റെ ഭരണകൂടവും നവലോകക്രമത്തിന് നാന്ദികുറിച്ചു. സോഷ്യലിസത്തിന്റെ വിജയപതാക പല വന്‍കരകളിലും ഉയര്‍ന്നുപൊങ്ങി. സോഷ്യലിസം സാമൂഹ്യശാസ്ത്രമാണ്. മനുഷ്യരാശിയുടെ ദുഃഖദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അത് ശ്രമിച്ചു. ഏഴുപതിറ്റാണ്ടുകൊണ്ട് അതിന്റെ പ്രയോഗത്തില്‍ വീഴ്ചപറ്റിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ തകര്‍ന്നു. മാര്‍ക്സിസം മരിച്ചെന്ന പ്രചാരണം അന്നുമുതല്‍ തുടങ്ങിയതാണ്. ഫുക്കുയാമയെപ്പോലുള്ളവര്‍ മാര്‍ക്സിസത്തിന് ചരമക്കുറിപ്പെഴുതി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചപ്പോള്‍ യൂറോപ്പിനെ ഭൂതം ബാധിച്ചെന്ന് മാര്‍പാപ്പ അന്ന് പ്രചരിപ്പിച്ചു. എന്നാല്‍, മാര്‍ക്സികം മാനവികതയുടെ അടയാളമാണെന്നും മുതലാളിത്തമാണ് മനുഷ്യന്റെ ദുഃഖദുരിതങ്ങള്‍ പെരുപ്പിക്കുന്നതെന്നും ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് വിളിച്ചുപറയുന്നു. സോഷ്യലിസത്തിന്റെ പാതയില്‍ ചലിക്കുന്ന ചൈന, വിയറ്റ്നാം, വടക്കന്‍ കൊറിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ ലോക ജനതയ്ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകളാണ് മുളപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തുടനീളം സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുകയാണ്്. ആഗോളമായിവരുമാനത്തിലെ അസമത്വം വര്‍ധിക്കുന്നു. അമേരിക്കയില്‍ ബഹുശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി. പല രാജ്യങ്ങളിലും വലത്തോട്ടുള്ള ഒരു ചായ്വ് പ്രകടിപ്പിക്കുന്നു. വര്‍ണവിദ്വേഷം, സ്ത്രീവിദ്വേഷം, മണ്ണിന്റെ മക്കള്‍ വാദം, അമിതാധികാര വാദം എന്നീ പ്രവണതകള്‍ ശക്തിയാര്‍ജിക്കുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരെ പുറന്തള്ളുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം കേട്ടത്.  സാമ്രാജ്യത്വം ലോകത്തെ കൊത്തിവലിക്കുമ്പോള്‍ മാര്‍ക്സാണ് ശരി. മാര്‍ക്സിസമാണ് മോചനമാര്‍ഗം എന്ന മുദ്രാവാക്യം ലോകജനത ഏറ്റെടുക്കേണ്ടതുണ്ട്. മഹാകവി ഒ എന്‍ വി ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക്സിന്റെ ശവകുടീരം സന്ദര്‍ശിച്ചത് മാര്‍ക്സ് മരിച്ച് നൂറുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു.  'ശവകുടീരത്തില്‍ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു'  എന്ന വരികള്‍ കുറിച്ചിട്ടത്. 135 വര്‍ഷംമുമ്പാണ് മാര്‍ക്സ് ലോകത്തോട് യാത്ര ചോദിച്ചത്. പരലോകത്തല്ല ഇഹലോകത്താണ് സ്വര്‍ഗം പണിയേണ്ടതെന്ന ആ മഹാമനീഷിയുടെ തത്വശാസ്ത്രം ലോകജനതയുടെ വിമോചന പ്രത്യയശാസ്ത്രമാണ്. യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന് മരണമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)