എടയന്നൂർ ശുഹൈബ് രിസാലയിൽ വന്ന ലേഖനം

~~~~~~~~~~~~~~~~~~~~~~~~~~~
#രിസാല_ആഴ്ചപ്പതിപ്പിന്റെ_പൂണ്ണലേഖനം

 ശ്രീനാരായണ ഗുരുവും കുമാരനാശാനും ഡോ. പല്‍പുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും ചട്ടമ്പിസ്വാമികളുമൊക്കെ പുതിയ ചിന്താവിപ്ലവത്തിലൂടെ ഉഴുതുമറിച്ച മലയാള മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക പരിവര്‍ത്തനത്തിന്റെ വിത്തുവിതച്ചതും പഴയ നാടുവാഴികളുടെയും ജന്മിത്വദുഷ്പ്രഭുക്കളുടെയും കിരാതവാഴ്ചക്ക് അറുതിവരുത്തിയതും. കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രം ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരധ്യായമാണ്. പഴയ സാമൂഹിക വ്യവസ്ഥ പുതുക്കിപ്പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അധസ്ഥിത ജനതക്ക് ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു. മൊറാഴ, കരിവള്ളൂര്‍, തില്ലങ്കേരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു നാടിന്റെ ഹൃദയധമനികളെ ത്രസിപ്പിക്കുന്ന സ്മരണകളായി അവ മാറുന്നത് അനീതിക്കും ചൂഷണത്തിനും എതിരായ പോരാട്ടത്തിന്റെ ജ്വാലകളേന്തിയ ഒരു ജനതയുടെ മോചനസ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട വിപ്ലവകഥയുമായി അത് ചേര്‍ത്തുവായിക്കുന്നത് കൊണ്ടാണ്. കല്യാട്ട് ‘എശമാനന്മാര്‍’ ദളിത് അധസ്ഥിത വര്‍ഗത്തോട് കാട്ടിയ ക്രൂരതയുടെ അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ സഖാവ് ഇ.കെ നായനാര്‍ കണ്ഠമിടറിയത് ശാഹിദ് ശ്വാസമടക്കിപ്പിടിച്ച് കേട്ടിട്ടുണ്ട്. നമ്മെ വിട്ടുപിരിഞ്ഞ തലമുറയുടെ ത്യാഗസുരഭിലമായ ജീവിതാനുഭവങ്ങളുടെ ഫലം അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് കണ്ണൂരിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍. കേരളത്തിലെ ഇടതുപക്ഷത്തിന്റെ കടിഞ്ഞാണ്‍ ഈ ജില്ലയില്‍നിന്നുള്ള ഏതാനും നേതാക്കളുടെ കൈകളിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍ മാസ്റ്റും ഇ.പി ജയരാജനും ശ്രീമതി ടീച്ചറും ശൈലജയുമെല്ലാം ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയഭരണ ദിശ നിര്‍ണയിക്കുന്ന ദൗത്യത്തില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ അവരുടെ ഉത്തരവാദിത്വവും വലുതാണ്. എന്നാല്‍, ആ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഈ നേതാക്കള്‍ പരാജയപ്പെടുന്നു എന്ന് സാമാന്യജനത്തിനു വിളിച്ചുപറയേണ്ടിവരുന്നത് പാര്‍ട്ടി അക്രമത്തിന്റെയും കൊലയുടെയും അപരിഷ്‌കൃത മാര്‍ഗം അവലംബിക്കുന്നുണ്ടോ എന്ന് തോന്നുമ്പോഴാണ്.

കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ജില്ലക്ക് പുറത്തുള്ളവരില്‍ ഉണരുന്ന ചിന്ത രാഷ്ട്രീയപ്രബുദ്ധതയുടെയോ മാന്യമായ സാമൂഹിക പ്രവര്‍ത്തനത്തിന്റേതോ അല്ല. മറിച്ച്, ചോരച്ചാലുകളുടെയും കബന്ധങ്ങളുടേതുമാണ്. കാടന്മാരുടെയും ക്രൂരന്മാരുടെയും സംഗമഭൂമിയാണ് കണ്ണൂരെന്നും നിഷ്ഠൂരതയാണ് അതിന്റെ മുഖമുദ്രയെന്നും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്ന ദുര്യോഗം തുടങ്ങിയിട്ട് കാലമേറെയായി. ഒട്ടനവധി രാഷ്ട്രീയ പോരാട്ട ചരിത്രം രചിച്ച ഒരു ജനത, ക്രൂരതയുടെയും മൃഗീയതയുടെയും പേരില്‍ മാത്രം അറിയപ്പെടുന്ന ദുരവസ്ഥ എത്രമാത്രം ദൗര്‍ഭാഗ്യകരം! കണ്ണൂരിനും മട്ടന്നൂരിനുമിടയില്‍ എടയന്നൂരില്‍ ശുഐബ് എന്ന ഇരുപത്തെട്ടുകാരന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും സന്ദര്‍ഭമുണ്ടാക്കിയപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തുകൊണ്ട് സമാധാനത്തിന്റെ ജീവിത ശൈലി മുറുകെ പിടിക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവിക്കുമ്പോഴും ഇത് ഈ ഗണത്തിലെ അവസാനത്തേതാവട്ടെ എന്ന് സാമാന്യജനം പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും കണ്ണൂരിന്റെ മണ്ണ് ചെഞ്ചോര കൊണ്ട് കുതിരുന്ന ഭീകര കാഴ്ചകള്‍ വീണ്ടും വീണ്ടും രാജ്യത്തെ നടുക്കുന്നു. ഓരോ കൊലയും അടങ്ങാത്ത പകയുടെയും ഒടുങ്ങാത്ത രാഷ്ട്രീയവൈരാഗ്യത്തിന്റെയും ചോരമരവിപ്പിക്കുന്ന കഥയാണ് പറഞ്ഞുതരുന്നത്. എടയന്നൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥികളുമായി കെ.എസ്.യുക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ സംഘര്‍ഷത്തില്‍ ഭാഗഭാക്കായി പാര്‍ട്ടിക്കാര്‍ക്കു വേണ്ടി ആവേശം കാണിച്ചതാണെത്ര മട്ടന്നൂര്‍ ബ്ലോക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ശുഐബിനെ രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടാക്കിയത്. ചാലോട്ട് വെച്ച് സി.ഐ.ടി.യു പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയതായും പറയപ്പെടുന്നു. ഒരുവേള ഗള്‍ഫില്‍ ജോലി തേടിപ്പോയ ശുഐബ് തിരിച്ചുവന്നത് തന്നെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാകാനാണെന്ന് കേള്‍ക്കുന്നു. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും കോണ്‍ഗ്രസിനു വേണ്ടി ഏതറ്റം വരെ പോകാന്‍ തയാറാവുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരനെ ഇത്തരമൊരു ദുര്‍വിധി കാത്തിരിക്കുന്നുണ്ടായിരുന്നുവെന്ന് ആരുമറിഞ്ഞില്ല. രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുന്ന ഏര്‍പ്പാട് കണ്ണൂരിലെ രാഷ്ട്രീയ നടപ്പുശീലമായി മാറിയതാണ് പ്രശ്‌നത്തിന്റെ മൂലകാരണം. ശുഐബ് മുട്ടുകാലിന് 37വെട്ടേറ്റ് , രക്തം വാര്‍ന്നൊഴുകി മരണം വരിച്ചപ്പോള്‍ , പാര്‍ട്ടിക്കു സംഭവത്തില്‍ പങ്കില്ലെന്നും ഇനി ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി എടുക്കുമെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും മുഖവിലക്കെടുത്തിരുന്നില്ല. അപ്പോഴും, ഒരു ന്യൂനാല്‍ ന്യൂനപക്ഷമെങ്കിലും മറ്റു ചില സാധ്യതകളെ കുറിച്ച് കുശുകുശുക്കുന്നുണ്ടായിരുന്നു. ശുഐബിന്റെ രാഷ്ട്രീയ എതിരാളികളില്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, മുസ്‌ലിം ലീഗുകാരും മറ്റു സംഘടനക്കാരുമുണ്ടായിരുന്നു എന്നതാണ് കാരണം.

കൊന്നുതള്ളിയ ‘മിടുക്ക്’
ഗ്രാമ്യജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ മുഴുവന്‍ ആവാഹിച്ച് ഇടവഴികളിലും ഒറ്റയടിപ്പാതകളിലും കാലടികള്‍ ദൃഢമായി പതിപ്പിച്ച ചുറുചുറുക്കിന്റെ പര്യായമായിരുന്നു ശുഐബെന്ന് രാഷ്ട്രീയശത്രുക്കള്‍ പോലും അംഗീകരിക്കുന്നു. എസ്.എസ്.എഫ്, സുന്നി യുവജന സംഘം തുടങ്ങിയ കൂട്ടായ്മകളിലൂടെയാണ് സാമൂഹിക സേവനത്തിന്റെ പാതയില്‍ അദ്ദേഹം നിറഞ്ഞുനിന്നത്. ജീവകാരുണ്യമേഖലയില്‍ സുന്നി പ്രസ്ഥാനം തുറന്നുകൊടുത്ത എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിയപ്പോഴാണ് ജാതിമത ഭേദമന്യേ ഈ യുവാവ് നാട്ടിന് പ്രിയങ്കരനാവുന്നത്. ആ ജനപ്രിയത ശത്രുക്കളെ സൃഷ്ടിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റൊരാള്‍ക്കും ശുഐബിനെ പിന്നിലാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആശയപരമായി ഭിന്നിച്ചുനില്‍ക്കുന്നവര്‍ എതിരാളികള്‍ക്ക് വളംവെച്ചുകൊടുത്തു. എടയന്നൂര്‍ സ്‌കൂളിലെ അനിഷ്ട സംഭവങ്ങള്‍ക്കു ശേഷം സഹപ്രവര്‍ത്തകരോടൊപ്പം ജയിലില്‍ കിടന്ന ഇദ്ദേഹത്തിനു അവിടെയും കമ്യൂണിസ്റ്റുകാരില്‍നിന്ന് ഭീഷണി നേരിടേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത്. എതിരാളികള്‍ തന്റെ കഥകഴിക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന വല്ല ധാരണയും ഉണ്ടായിരുന്നുവെങ്കില്‍ രാത്രി വൈകിയും സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങി നടക്കാന്‍ തയാറാവുമായിരുന്നില്ല എന്നുറപ്പാണ്. ഇപ്പോള്‍ പൊലീസ് പിടിയിലായ പ്രതികള്‍ നല്‍കുന്ന ഭാഷ്യം വിശ്വസിക്കാമെങ്കില്‍ കൊലയായിരുന്നില്ല, കാല് വെട്ടി നിശ്ചലമാക്കുകയായിരുന്നു ലക്ഷ്യം. യഥാര്‍ത്ഥ പ്രതികളെയല്ല പൊലീസ് പിടികൂടിയിരിക്കുന്നതെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സി.പി.എം നേതൃത്വം ഡമ്മികളെ ഹാജരാക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിന്റെ കാതല്‍. പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി, റജിന്‍ രാജ് എന്നിവര്‍ അഞ്ചംഗ അക്രമിസംഘത്തിലെ സജീവ അംഗങ്ങളാണ് തങ്ങളെന്നും ശുഐബിന്റെ കൊലയായിരുന്നില്ല കാല് വെട്ടി കിടത്തുകയായിരുന്നു ലക്ഷ്യമെന്നും മൊഴികൊടുത്തിട്ടും അതൊന്നും വിശ്വസിക്കാന്‍ പലരും തയാറാവുന്നില്ല. ഇവര്‍ രണ്ടും സി.പി.എം പ്രവര്‍ത്തകരാണ് എന്ന് മാത്രമല്ല, പിണറായി വിജയന്റെയും പി. ജയരാജന്റെയും അടുത്ത അനുയായികളുമാണെന്ന് നേതാക്കളോടൊപ്പം എടുത്ത പടങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇവരുടെ ഭാഗഭാഗിത്തത്തോടെ നടന്ന കേരളത്തെ നടുക്കിയ ശുഐബ് വധത്തില്‍ സി.പി.എമ്മിനു പങ്കുണ്ടെന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തുമ്പോള്‍, സി.പി.എം സ്വാഭാവികമായും പ്രതിക്കൂട്ടിലാവുകയാണ്. കേസിന്റെ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോള്‍ അത് തകിടം മറിക്കാന്‍ പൊലീസിന് അകത്തുള്ള ചിലര്‍ തന്നെ ശ്രമിക്കുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രത്തിന്റെ ആരോപണം രാഷ്ട്രീയ ഇടപെടലുകളിലേക്കാണ് സൂചന നല്‍കുന്നത്.
ശുഐബിന്റെ കൊല കമ്യുണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അത്യപൂര്‍വമായ പ്രതിസന്ധിയിലാണ് അകപ്പെടുത്തിയിരിക്കുന്നത്. ഭരിക്കുന്ന കക്ഷി തന്നെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഒരു മുസ്‌ലിം യുവാവിനെ കൊന്ന്, കണ്ണൂരിന്റെ സ്വാസ്ഥ്യം തകര്‍ത്ത സംഭവം ജില്ലാ നേതൃത്വത്തെയും ജില്ലക്കാരനായ ആഭ്യന്തരമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടില്‍ നിറുത്തിയിരിക്കയാണ്. ഇടതുസര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് അധികാരത്തില്‍ വന്നത് മുതല്‍ സമാധാനം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു സി.പി.എം രാജ്യവാസികളോട് പരിഭവം പറഞ്ഞിരുന്നത്. അതില്‍ വാസ്തവമുണ്ടുതാനും. എന്നാല്‍, ഇപ്പോഴത്തെ കൊലക്കു ഒരു ഒഴികഴിവും നിരത്താന്‍ സി.പി.എമ്മിനു പഴുതില്ല. കോണ്‍ഗ്രസുകാരന്‍ എന്നതിലപ്പുറം സജീവ സുന്നി പ്രവര്‍ത്തകന്റെ കര്‍മമണ്ഡലത്തെ കുറിച്ച് അറിയാത്തവരല്ല പ്രദേശത്തെ പാര്‍ട്ടിക്കാര്‍. സംഘര്‍ഷരഹിത കണ്ണൂരിനെ കുറിച്ചാണ് 2017ഫെബ്രുവരിയില്‍ സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍, ആ ലക്ഷ്യത്തിനു മുന്നില്‍ വൈതരണികള്‍ കൊണ്ടിട്ടിരിക്കുന്നത് ബി.ജെ.പിക്കാരോ കോണ്‍ഗ്രസുകാരോ അല്ല, പിണറായിയുടെ സ്വന്തം പാര്‍ട്ടിക്കാരാണ്. അതിനര്‍ത്ഥം നേതൃത്വം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാലും കാലുഷ്യരഹിതമായ കണ്ണൂര്‍ സാധ്യമല്ല എന്നാണ്. ജില്ലയുടെ ജൈവകോശങ്ങളില്‍ അക്രമത്തിന്റെ സിക്കിള്‍ സെല്‍ അനീമിയ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും നിര്‍ബന്ധിതരാവുകയാണ്. കേന്ദ്രഭരണകൂടത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഭ്യന്തരവകുപ്പ് ബാധ്യസ്ഥമാവുകയാണ്. ശുഐബിനു പകരം ഏതെങ്കിലും ബി.ജെ.പിക്കാരനാണ് കൊല്ലപ്പെട്ടതെങ്കില്‍ എന്തുമാത്രം ആവേശത്തോടെയായിരിക്കും മോഡിസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുക!

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ബുദ്ധിശൂന്യത
പൊതുതിരഞ്ഞെടുപ്പിന്റെ പാദപതനങ്ങള്‍ കേട്ടുതുടങ്ങിയ ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയപരമായി ശുഐബിന്റെ കൊലക്ക് സി.പി.എം വില നല്‍കേണ്ടിവരുമെന്ന് പ്രവചിക്കാന്‍ വലിയ അവലോകന പാടവമൊന്നും വേണ്ട. പാര്‍ട്ടിയിലേക്ക് മുസ്‌ലിം ന്യൂനപക്ഷത്തിലെ ഒരു വിഭാഗം ആകര്‍ഷിക്കപ്പെടുന്നുവെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടുകള്‍ തന്നെ അവകാശപ്പെടുന്നതിനിടയിലാണ് ന്യൂനപക്ഷത്തെ അങ്ങേയറ്റം രോഷാകുലരാക്കുന്ന കൊലപാതകം അരങ്ങേറിയിരിക്കുന്നത്. സി.പി.എമ്മിന്റെ പുറം ചുകപ്പാണെങ്കിലും അകം കാവിയാണെന്ന മുസ്‌ലിം ലീഗുകാരുടെ പതിവ് പ്രചാരണത്തിനാണ് സ്വീകാര്യത കൈവന്നിരിക്കുന്നത്. ഭൂരിപക്ഷസമുദായത്തില്‍നിന്നുള്ള രാഷ്ട്രീയ എതിരാളികളുടെ കാര്യത്തില്‍ ഇത്ര ക്രൂരമായി പാര്‍ട്ടി പെരുമാറുമോ എന്ന ചോദ്യം പോലും ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ആര്‍.എസ്.എസ് ഫാഷിസത്തില്‍നിന്ന് മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ പ്രതിരോധിക്കാന്‍ തങ്ങളല്ലാതെ മറ്റാരാണുള്ളത് എന്ന ചോദ്യം ഇടക്കിടെ നേതാക്കള്‍ ഉന്നയിക്കാറുണ്ട് എന്ന് അറിയാത്തവരല്ല, ഡി.വൈ.എഫ്.ഐക്കാരും സി.ഐ.ടി.യുക്കാരും. തലശ്ശേരിയില്‍ ഫസലിനെയും അരിയില്‍ ശുകൂറിനെയും ഇപ്പോള്‍ എടയന്നൂരില്‍ ശുഐബിനെയും കൊന്നുതള്ളിയ ചുവന്ന കത്തി, കോണ്‍ഗ്രസിന്റെ കൈപ്പത്തിക്ക് സ്വയം വളമിട്ടുകൊടുക്കുകയാണെന്ന് മനസിലാക്കാത്തവരല്ല സി.പി.എം പ്രവര്‍ത്തകര്‍. ഇതുവരെ വെന്റിലേറ്ററിലായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസിന് ഓക്‌സിജന്‍ ഫ്രീയായി നല്‍കുന്ന ബുദ്ധിശൂന്യതയായിപോയി ശുഐബിന്റെ കൊല. രാഷ്ട്രീയം മതിയാക്കി മാളത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന കെ. സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവ് സ്വന്തം അനുയായിയുടെ മരണം ആഘോഷിക്കുന്ന രീതി കണ്ടില്ലേ. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ അന്തരീക്ഷം ചൂടുപിടിപ്പിച്ചുനിറുത്തിയാല്‍ 2014ലെ പരാജയത്തിനു പകരം വീട്ടാനാകുമെന്ന കണക്കുകൂട്ടലിലാവാം എത്രയോ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയായ അദ്ദേഹം. യഥാര്‍ത്ഥ പ്രതികളെ പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാലും സുധാകരന്‍ തെരുവില്‍നിന്ന് കയറിപ്പോകുമെന്ന് കരുതേണ്ട. യഥാര്‍ത്ഥത്തില്‍, ശുഐബുമാരുടെ അകാല വിയോഗം യുവാക്കള്‍ക്ക് ഒരു പാഠം നല്‍കുന്നുണ്ട്. രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ നൂറുവട്ടം ആലോചിക്കണമെന്നതാണത്. ശുഐബിന്റെ ഏറ്റവും വലിയ ജീവിതപരാജയം സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണ്. പല കേസുകളിലും ഈ ചെറുപ്പക്കാരനെ പ്രതിയാക്കിയതും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും സുധാകരനെ പോലെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ ഒരു നേതാവിന്റെ സാമീപ്യമാണ്. അനുയായികളെ കൊണ്ട് ചുടുചോറ് മാന്തിക്കുന്ന , വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന ഒരു രീതിശാസ്ത്രമാണ്, കമ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്നതാണ് തന്റെ ജീവിതനിയോഗമെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച സുധാകരന്‍ ഇതുവരെ കൊണ്ടുനടന്നത്. ആ ചെളിപുരണ്ട വഴിയില്‍ ശുഐബിന് രക്തസാക്ഷ്യം ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ എല്ലാ പ്രാര്‍ഥനക്കുമപ്പുറം ഒടുങ്ങാത്ത വേദന ഹൃദയത്തില്‍ നിറഞ്ഞൊഴുകുകയാണ്. രാവിന്റെ മങ്ങിയ വെളിച്ചത്തില്‍, ആ യുവാവ് പ്രാണനും കൊണ്ട് ഓടുന്നതിനിടയില്‍ ആഞ്ഞുവീശിയ 37വെട്ടുകള്‍ മുട്ടുകാലില്‍നിന്ന് അസ്ഥികളും മാംസപേശികളും അറുത്തുമാറ്റുന്ന രംഗം ഓര്‍ക്കുമ്പോള്‍ ഏതുകണ്ണാണ് നനയാതിരിക്കുക?

ശാഹിദ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)