മുത്ത്‌നബി മുഹമ്മദ്‌ നബി

#ഇതാണെന്റെ_മുത്തുറസൂൽ_സാധിച്ച_മാറ്റം

പരദേശികളായ ഒരു വര്‍ത്തകസംഘം മദീനയില്‍ വന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഖലീഫ ഉമര്‍(റ) സന്തതസഹചാരിയായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അന്വേഷിച്ചു: ‘ഈ രാത്രി അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്റെ കൂടെ വരാമോ?’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അന്നുരാത്രി ഇരുവരും ആ കച്ചവടസംഘത്തിനു കാവല്‍ നിന്നു. രണ്ടുപേരും നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. നിസ്‌കാരത്തില്‍ നിന്ന് വേഗം വിരമിച്ച് കുട്ടിയുടെ മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നു അദ്ദേഹം: ‘അല്ലാഹുവിനെ ഭയക്കുക. കുട്ടിയോട് നന്നായി പെരുമാറുക.’

സ്വസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളൂ, അപ്പോഴേക്കും ഉമറിനെ വീണ്ടും ആ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥനാക്കി. അദ്ദേഹം മാതാവിന്റെ അടുക്കല്‍ ചെന്ന് മാതൃബാധ്യത ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തി. തിരിച്ചുവന്നു നിസ്‌കാരമാരംഭിച്ചു. വീണ്ടും കുട്ടിയുടെ കരച്ചില്‍! നിസ്‌കാരത്തില്‍ നിന്നു വേഗം വിരമിച്ചു മാതാവിന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തി. ഇത്തവണ അദ്ദേഹത്തിന്റെ ഭാഷ അല്പം രൂക്ഷവുമായിരുന്നു: ‘നിങ്ങളെത്രമോശം ഉമ്മയാണ്! നിങ്ങളുടെ കുട്ടി രാത്രിമുഴുവനും ഒന്ന് സ്വസ്ഥവും സൈ്വര്യവുമായി അടങ്ങിക്കിടക്കുക പോലും ചെയ്തിട്ടില്ല.’

അറേബ്യന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ അമീറുല്‍മുഅ്മിനീനാണ് അദ്ദേഹം എന്നറിയാതെ ആ മാതാവ് പ്രതികരിച്ചു :’രാത്രിയുടെ ആദ്യയാമം തൊട്ടു തുടങ്ങിയതാണല്ലോ നിങ്ങളെന്നെ കുറ്റപ്പെടുത്തല്‍. ഞാനീ കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നുമില്ല!’

‘എന്തിനാണിത്ര ധൃതിപിടിച്ച് അതിന്റെ മുലകുടി മാറ്റുന്നത്? അതിനു രണ്ട് വയസ് തികഞ്ഞോ?’

‘ഇല്ല. പക്ഷേ, മുലകുടി മാറാത്ത കുട്ടികള്‍ക്ക് പൊതുമുതലില്‍ നിന്ന് ഉമര്‍ വിഹിതമനുവദിക്കില്ലല്ലോ?’

‘കുട്ടിക്കെന്തു പ്രായമായി.’

‘ഏതാനും മാസങ്ങള്‍.’

‘എങ്കില്‍ മുലകുടി മാറ്റാന്‍ ധൃതികാട്ടേണ്ടതില്ല. വഴിയുണ്ടാകും.’

ഇത്രയും പറഞ്ഞു ഉമര്‍(റ) തിരിച്ചുനടന്നു. വേപഥു പൂണ്ട അധരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ ചുവടുകളും വേച്ചുവേച്ചു പോയി. ഈറനണിഞ്ഞ കണ്ണുകള്‍ കാഴ്ച മായ്ച്ചു.

അന്നു സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം കൊടുത്ത ഖലീഫയുടെ ഖുര്‍ആന്‍ പാരായണം ഗദ്ഗദം കൊണ്ടു പലപ്പോഴും മുറിഞ്ഞു പോയി. കൂട്ടുപ്രാര്‍ത്ഥനക്കു ശേഷം എഴുന്നേറ്റു നിന്നപ്പോഴും അദ്ദേഹം വാക്കുകള്‍ക്കായി വിഷമിച്ചു: ‘എത്രകഷ്ടമാണീ ഉമറിന്റെ സ്ഥിതി. എത്ര കുട്ടികളെയാണിവന്‍ കൊന്നു കളഞ്ഞത്.’ നീറുന്ന വേദനയില്‍ പുളയുന്ന വാക്കുകള്‍.

പിന്നീട് വിളംബരക്കാരനോട് ‘ആരും കുട്ടികളുടെ മുലകുടി നിറുത്താന്‍ ധൃതികൂട്ടരുതെന്നും ജനിച്ചുവീഴുന്ന ഓരോ ശിശുവിനും പൊതുഖജനാവില്‍ നിന്നു വിഹിതമുണ്ടാകുമെന്നും’ വിളംബരം ചെയ്യാന്‍ കല്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിലേക്ക് ആ ഉത്തരവ് എഴുതിയ കത്തുമായി അശ്വരൂഢരായ ഭടന്മാര്‍ പാഞ്ഞു പോയി.
ധീരപരാക്രമിയും വില്ലാളിവീരനും ശത്രുവിന്റെ ഓര്‍മകളില്‍ പോലും ഇടിമുഴക്കവുമായിരുന്ന ഉമറിനെ, ഏതോ നാട്ടില്‍ നിന്നു വന്ന ഒരു അപരിചിത സംഘത്തിലെ ഏതോ ഒരു സ്ത്രീയുടെ മുലകുടി മാറാത്ത കുട്ടിയുടെ കരച്ചില്‍ തരളിതനും അസ്വസ്ഥനുമാക്കിയതെന്താണ്? ഇതാണ് തിരുനബി(സ്വ) സാധിച്ചെടുത്ത അനുപമമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃക. ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്.

നീതി നിലാവൊളി നായകകണ്‍മണി
ദീനിസ്‌ലാം വഴി ഐനുല്‍ഹുദാമിഴി
ഖാദിര്‍കബീറിന്‍ അരുമൈ മുര്‍ത്തളാ റസൂലേ…’
സ്വല്ലല്ലാഹു അലയ്ക്ക വസല്ലം.
Muhammad Sajeer Bukhari

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)