കളംതോട് കരീം ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ്
കളംതോട് ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ്
നിലമ്പൂർ മജ്മഇൽ നടന്ന കളംതോട് ഉസ്താദ് അനുസ്മരണ ദിക്റ് ദുആ മജ്‌ലിസിൽ നിന്ന്.
(പ്രസക്തഭാഗങ്ങൾ)
പതിനഞ്ചാമത്തെയോ പതിനാറാമത്തെയോ വയസ്സിലാണ് സിഎം വലിയുല്ലാഹിയിൽനിന്ന് മഹാൻ പൊരുത്തം നേടിയത്. പിന്നീട് വിശ്രമമില്ലാതെ രോഗികൾക്ക് ശാന്തി പകർന്നും മനപ്രയാസമുള്ളവർക്ക് സമാധാനം പകർന്നുm ജീവിച്ചു. അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിനെ ഇഷ്ടം വെച്ചു. പുത്തനാശയക്കാരെ എതിർത്തു. മാത്രമല്ല സ്വന്തം വീട്ടുവളപ്പിലേക്ക് പോലും പ്രവേശനം നൽകിയില്ല. അഥവാ ഒരാൾ പ്രവേശിച്ചാൽ തന്നെ റൂമിൽനിന്ന് ഇന്ന വരിയിലുള്ള ഇന്ന ആളെ പുറത്താക്കാൻ പറയും. ഒരിക്കൽ ഞാൻ ഇതിനെപ്പറ്റി ചോദിച്ചു. ഇവിടെ ഇരിക്കുമ്പോൾ എങ്ങനെയാണ് പുറത്തുള്ള ആൾ ബിദഇയാണെന്ന് മനസ്സിലാകുന്നത്?. അപ്പോൾ ഉസ്താദ് പറഞ്ഞു "അവർ ഇവിടേക്ക് പ്രവേശിച്ചാൽ അവരുടെ ഹൃദയത്തിലെ ദുർഗന്ധം എനിക്കെത്തും അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത് ".100% ഹലാൽ അല്ലാത്ത ഭക്ഷണം മഹാൻ ഭക്ഷക്കില്ലായിരുന്നു. ഹജ്ജ്,സിയാറത്ത് തുടങ്ങി മറ്റു യാത്രകളിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങില്ല. വെള്ളിയാഴ്ച രാവിൽ മഹാന്മാരുടെ പ്രീതിക്ക് വേണ്ടിയുള്ള യാത്രയിലായിരിക്കും. നാഗൂർ,എരുമാട്, മുത്തുപ്പേട്ട തുടങ്ങി നിരവധി സിയാറത്ത് കേന്ദ്രങ്ങൾ സന്ദർശിക്കും. ഒരിക്കൽ എരുമാടിൽ രാത്രി എത്തിയപ്പോൾ മഖാമിൽ മുണ്ട് വിരിച്ച് ഒരാൾ കിടന്നുറങ്ങുന്നു. ഞാൻ ഭയപ്പെട്ടു. അടുത്ത് ചെന്ന് നോക്കിയപ്പോൾ കളംതോട് ഉസ്താദായിരുന്നു. ഇതായിരുന്നു മഹാൻ.
പലപ്പോഴും ഹജ്ജ് വേളയിൽ കരീം ഉസ്താദ് ഒപ്പമുണ്ടാകും. എന്നാൽ വിവരം ആരോടും പറയാൻ പാടില്ല. ഒരിക്കൽ ഹജ്ജിനിടയിൽ കരീം ഉസ്താദ് താജുൽ ഉലമയെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഉപ്പാപ്പയോട് വിവരം പറഞ്ഞപ്പോൾ "നാളെ അസറിന് കൂട്ടി വാ.." എന്ന് പറഞ്ഞു. കരീം ഉസ്താദ് അന്ന് കൂടുതൽ അറിയപ്പെട്ടിരുന്നില്ല. പിറ്റേന്ന് ഞാനും ഉസ്താദും കൂടി തങ്ങൾ താമസിക്കുന്നിടത്ത് എത്തി. ആളുകൾ ഒഴിഞ്ഞപ്പോൾ അടുത്തുചെന്നു. ഉസ്താദിനെ ഉപ്പാപ്പക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സി എം വലിയുല്ലാഹിയുടെ പൊരുത്തം കിട്ടി ആത്മീയ ചികിത്സ നടത്തുകയാണ്. അപ്പോൾ താജുൽ ഉലമ ഉസ്താദിനോട് ചോദിച്ചു."നീ ഇന്ന ദിക്റ് എത്ര തവണ ചൊല്ലിയിട്ടുണ്ട്?. ഈ ദിക്റ് എത്ര പ്രാവശ്യം ചൊല്ലി? ഈ ദിക്റോ.. ഞാൻ ഇതുവരെ കേൾക്കാത്ത പല ദിക്റുകളും അതിലുണ്ടായിരുന്നു. 10 ദിക്റുകൾ ചോദിച്ചപ്പോയൊക്കെ ഓരോന്നിനും ലക്ഷങ്ങളുടെ കണക്കാണ് ഉസ്താദ് പറഞ്ഞത്. ഇനി അവർ തമ്മിൽ സംസാരിക്കട്ടെ എന്നു കരുതി ചായയെടുത്തു വരാമെന്ന് പറഞ്ഞ് ഞാൻ പുറത്തിറങ്ങി. വാതിൽ ചാരി ഒരുപാട് നേരം അവർ സംസാരിച്ചു. ഞാൻ ചായയുമായി തിരിച്ചുവന്ന് സംസാരത്തിൽ പങ്കുചേർന്നു. ശേഷം തങ്ങളോട് സലാം പറഞ്ഞിറങ്ങി. അടുത്ത ദിവസം ഞാൻ ഉപ്പാപ്പയെ കണ്ടപ്പോൾ എന്നോട് പറഞ്ഞു. "ഇന്നലെ വന്നയാൾ മഹാനാണടോ.. അദ്ദേഹം വലിയ അത്ഭുതങ്ങൾ കാട്ടും. അദകാറിലെ എല്ലാ രിയാളയും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്". ഉപ്പാപ്പ പറഞ്ഞ വാക്കുകൾക്ക് അടിത്തറയിടുന്ന ജീവിതമായിരുന്നു മഹാൻ കാഴ്ചവച്ചത്. അവിടുത്തെ ദറജ അല്ലാഹു ഏറ്റികൊടുക്കട്ടെ.. ആമീൻ.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ