പട്ടുവം ഉസ്താദ് kp അബൂബക്കർ മുസ്‌ലിയാർ
#കെ_പി_അബൂബക്കർ_മുസ്‌ലിയാർ_പട്ടുവം
#ക്യാപ്റ്റൻസിയിൽ_തിളങ്ങും_നേതൃപാടവം
15. 10. 1939 ൽ മഠത്തിൽ മുഹമ്മദ് കിഴക്കേപുരയിൽ ഫാത്തിമ ദമ്പതികളുടെ മകനായി പട്ടുവത്ത് ജനനം. കളിക്കൂട്ടുകാരനായ
അല്ലാമ ശൈഖ് ഹംസ അഹ്മദ് (ചിത്താരി ഉസ്താദ്) റഹിമഹുല്ലാഹ് യുടെ ജനന വർഷവും അത് തന്നെ.
പട്ടുവം മാപ്പിള എൽ പി സ്കൂളിലാ യിരുന്നു പഠനം. സ്കൂൾ പ്രായം ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ സമയമാണ്.
ബ്രിട്ടൻ ജയിക്കട്ടേ
ബ്രിട്ടൻ ജയിക്കട്ടേ
ബ്രിട്ടൻ ജയിച്ചു
ഗുണം വരട്ടെ
എന്ന് മാഷന്മാരുടെ പിന്നാലെ മുദ്രാവാക്യം വിളിച്ച് നടന്ന നിഷ്കളങ്ക ബാല്യം.
പാഠമാല, ഭാഷാ ബോധിനി തുടങ്ങിയ പുസ്തകങ്ങളായിരുന്നു സ്കൂളിൽ പഠിച്ചിരുന്നത്.
"പലരോടും നിനയാതെ
ഒരു കാര്യം തുടങ്ങല്ലേ
ആരാന്റെ മുതൽക്കാശ
അകതാരിൽ വളർത്തല്ലേ
ആദിത്യൻ ഉദിക്കുമ്പോൾ
ഉറങ്ങീടല്ലേ"
ഇതൊക്കെ കേട്ട് അന്തം വിട്ട് നിൽക്കുമ്പോൾ ഉസ്താദിന്റെ കമന്റ് വന്നു. "മാറിപ്പോയതല്ല. മദ്രസയിലേതല്ല. സ്കൂളിലെ പാട്ട് തന്നെയാണിത്. "
ഒരാഴ്ചയിൽ ഒരിക്കലെങ്കിലും അരിഭക്ഷണം കിട്ടിയാൽ ആയി.
ചെരുപ്പിടാൻ ആശയായി
കവുങ്ങിൻ പാള മുറിച്ച് ചെരുപ്പാക്കി നടന്ന കാലം. ആകെയുള്ളത് ഇന്നത്തെ തോർത്തിന്റെ ക്വാളിറ്റി പോലും ഇല്ലാത്ത തുണി കൊണ്ടുള്ള ഒരു കുപ്പായവും ഒരു മുണ്ടും.
അബ്ദുല്ല മുക്രിക്ക, കൂത്താട്ട് സി പി ഉമ്മർ മുസ്ലിയാർ, സി അബ്ദുല്ല മുസ്ലിയാർ വലിയ മുത്തഖിയും സൂഫിവര്യനുമായ പട്ടുവം അബ്ബാസ് മുസ്ലിയാർ -റഹിമഹുമുല്ലാഹ്-
തുടങ്ങിയവരാണ് പ്രാഥമിക ഗുരുനാഥന്‍മാർ. (സി അബ്ദുല്ല മുസ്‌ലിയാരാണ് ഹംസ ഉസ്താദിനെ പടന്ന ദർസിലേക്ക് അയച്ചത്.) മുതഫരിദ് മുതലുള്ള കിതാബുകൾ അബ്ബാസ് മുസ്ലിയാരിൽ നിന്നാണ് ഓതിയത്.
സി അബ്ദുല്ല മുസ്ലിയാർ ഒരു വെള്ളിയാഴ്ച ഇൽമിനെ കുറിച്ച് ഉറുദി പറഞ്ഞു. അതിൽ പ്രേരിതനായി ദർസിൽ പോകാൻ തീരുമാനിച്ചു. അപ്പോഴേക്കും സാധാരണ നിലയില്‍ ദർസിൽ ചേരുന്ന പ്രായമൊക്കെ കഴിഞ്ഞിരുന്നു.
എടച്ചാക്കൈ പള്ളിയില്‍ #പൂച്ചക്കാട്_സൂഫി_മുസ്‌ലിയാരുടെ ദർസിലാണ് ചേർന്നത്. മീസാൻ മുതൽ ഖതറുന്നദ വരെ രണ്ടുവർഷം അവിടെ ഓതി.
ചാലാട് ഹമീദ് മുസ്ലിയാർ പൂച്ചക്കാട് അബൂബക്കർ മുസ്ലിയാർ പൂച്ചക്കാട് ഹസൻ മുസ്ലിയാർ -റഹിമഹുമുല്ലാഹ്- തുടങ്ങിയവരൊക്കെ അവിടെ സീനിയര്‍ വിദ്യാർത്ഥികളാണ്.
തൊട്ടപ്പുറത്ത് പടന്നയിൽ ഹംസ ഉസ്താദ് ഓതുന്നു. ഇടയ്ക്കിടെ
അവിടെ പോവുകയും ഹംസ
ഉസ്താദിനെ സന്ദർശിക്കുകയും
ചെയ്യും. എടച്ചാക്കൈ ദർസിൽ
പട്ടാളച്ചിട്ടയായിരുന്നു. അടി കിട്ടാതിരിക്കാൻ 15 യാസീനൊക്കെ നേർച്ചയാക്കും. എന്നാൽ പടന്നയിൽ അതൊന്നും ഉണ്ടായിരുന്നില്ല.
അവിടെ നിന്ന് മാട്ടൂലിൽ #അല്ലാമ_കലന്തൻ_മുസ്‌ലിയാർ റഹിമഹുല്ലാഹ്
യുടെ ദർസിലേക്ക് പോയെങ്കിലും "ചെലുടി" ഒക്കാത്തത് കൊണ്ട് മടങ്ങേണ്ടി വന്നു.
തുടർന്ന് തളിപ്പറമ്പ് തങ്ങളെ പള്ളിയിൽ ഖാളി തങ്ങളെന്ന പേരിൽ വിശ്രുതരായ #മാട്ടൂല്_സയ്യിദ്_അബ്ദുൽ_ഖാദർ_തങ്ങള്‍ റഹിമഹുല്ലാഹ് യുടെ ദർസിൽ ചേർന്നു. ഖാളി തങ്ങളിൽ നിന്നും അൽഫിയ ഓതി. അവിടെ ഒരു വർഷം.
പിന്നീട് ചപ്പാരപ്പടവിൽ #അല്ലാമ_കെ_കെ_അബ്ദുല്ല_മുസ്‌ലിയാർ_കരുവാരക്കുണ്ട് റഹിമഹുല്ലാഹ് യുടെ ശിഷ്യത്വം സ്വീകരിച്ചു. 1956 ൽ.
കുറെ കിതാബുകൾ ഓതിക്കൊടുക്കുക എന്നതിലുപരി
ശിഷ്യന്റെ കഴിവുകൾ മനസ്സിലാക്കി
അതിനനുസരിച്ച് അവരെ തിരിച്ചു വിടുക എന്നതാണ് ഒരു ഗുരുവിന്റെ
വലിയ യോഗ്യത. കെ.കെ ഉസ്താദ് ശിഷ്യനെ ശരിക്കും അളന്ന് തൂക്കിയെടുത്തു. "ചെറുപ്പത്തിലെ പൊതുകാര്യങ്ങളിൽ തൽപ്പരനായ എന്റെ റൂട്ട് ഉസ്താദിന് തിരിഞ്ഞു. അന്നത്തെ സാഹചര്യത്തിൽ അതിനു പറ്റിയ ഏറ്റവും നല്ല വേദിയായ മദ്റസ രംഗത്തേക്ക് നയിച്ചു. ചപ്പാരപ്പടവ് മദ്റസയിൽ എന്നെ നിയമിച്ചു."
ചപ്പാരപ്പടവ് കാലത്ത് ദർസിലും മദ്റസയിലും #ചപ്പാരപ്പടവ്_എം_കെ_ഇബ്രാഹിം_മുസ്‌ലിയാർ റഹിമഹുല്ലാഹ്
ആത്മ മിത്രമായി ഒന്നിച്ചുണ്ടായിരുന്നു.
ഊണും ഉറക്കവും ചായയും കുളിയും ഇരുത്തവും നടത്തവും എല്ലാം ഒരുമിച്ച്.
#സേവനം
ചപ്പാരപ്പടവിൽ നിന്ന് പിരിഞ്ഞ ശേഷം സ്വന്തം നാടായ പട്ടുവം, മാട്ടൂൽ തെക്കുമ്പാട്, ഏഴോം, ശ്രീകണ്ഠപുരം, പയ്യന്നൂര്‍ പെരുമ്പ, പള്ളങ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. ശ്രീകണ്ഠപുരത്ത് വലിയ മാറ്റങ്ങൾ വരുത്തി. പള്ളി പുതുക്കി പണിതു. ഇതിൽ ഏറ്റവും സംഭവബഹുലം ഏഴോം മഹല്ലിലെ പന്ത്രണ്ടു വർഷത്തെ സേവന കാലമാണ്. (1958- 70)
ഖാദിയാനിൽ പോയി മിർസാ ഗുലാം അഹ്മദിനെ നേരിട്ട് കണ്ട് ബൈഅത്ത് ചെയ്തു കേരളത്തിലേക്ക് ഖാദിയാനിസം കൊണ്ടുവരികയും പിന്നീട് മാങ്കടവ് പള്ളിയിൽ നിന്നുണ്ടായ സ്വപ്ന ദർശനമെന്ന് പറഞ്ഞ് അഹ്‌ലുൽ ഖുർആൻ രൂപീകരിക്കുകയും ചൈയ്ത ഖാദിയാനി കുഞ്ഞഹമ്മദിന്റെ നാടായ പഴയങ്ങാടിയോട് ചേർന്നു കിടക്കുന്ന ഏഴോം ആ
സ്വാധീനഫലമായി ഖാദിയാനി, അഹ്‌ലുൽ ഖുർആൻ,
മുജാഹിദ്, ജമാഅത്ത് എല്ലാം
കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന
പ്രദേശമായിരുന്നു . ഇവർക്കിടയിൽ ദിശയറിയാതെ നട്ടം തിരിഞ്ഞ് പാവപ്പെട്ട സാധാരണ ജനങ്ങളും.
അഹ് ലു ഖുർആന് ഒരു
പള്ളിയും അവിടെയുണ്ട്.
ഈ പള്ളി പിന്നീട് തിരിഞ്ഞ് മറിഞ്ഞ് മുജാഹിദ് പള്ളിയായി മാറി.ഏതായാലും അടിയുറച്ച സുന്നി പാരമ്പര്യമുള്ള ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ വിചിത്ര വാദങ്ങളിലൂടെ സംശയങ്ങളിലേക്കും
ഊഹങ്ങളിലേക്കും തള്ളി വിട്ട
ഒരു സന്ദർഭത്തിൽ കെ.പി ഉസ്താദ് അവിടെ സജീവമായി ഇടപെട്ടു.
തന്റെ വാഗ്ധോരണി കൊണ്ട്
ജനങ്ങളെ നിരന്തരം ബോധവൽക്കരണം നടത്തി. അവരിൽ സുന്നിയ്യത്ത് ജ്വലിപ്പിച്ചു.
ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിച്ചു. മഹല്ലിന് അലകും പിടിയും ഉണ്ടാക്കി. മദ്രസക്ക് വ്യവസ്ഥാപിതമായ രൂപം നൽകി വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്തു.
ഇസ്ലാമിക് വൃത്തത്തിന് പുറത്തുള്ള കക്ഷികളുമായുള്ള വിവാഹബന്ധങ്ങൾ വ്യാപകമായിരുന്നു.
അത്തരം മിശ്രവിവാഹങ്ങൾ
നിരുത്സാഹപ്പെടുത്തുകയും
ജനങ്ങളെ ബോധവൽക്കരിച്ച് പിന്തിരിപ്പിക്കുകയും ചെയ്തു.
#ഇ_കെ_ഹസ്സൻ_മുസ്ലിയാർ,
#അണ്ടോണ_മുഹിയുദ്ദീൻ_ബാഖവി
റഹിമഹുമുല്ലാഹ് തുടങ്ങിയവരെ
കൊണ്ടുവന്ന് അഞ്ചുദിവസം
പ്രഭാഷണം നടത്തി. അന്നവിടെ ചോദ്യങ്ങളുമായി വന്നത്
മുജാഹിദ് പള്ളിയിലെ ഇമാമായിരുന്ന
സിപിഐ അസീസ് മൗലവി
തൃപ്പനച്ചി ആയിരുന്നു. അയാൾ പിന്നീട് ചേകന്നൂരിന്റെ ഖുർആൻ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ആയി പരിണമിച്ചത് ചരിത്രത്തിന്റെ മറിമായം. ഏതായാലുംആ പരിപാടി യോടു കൂടി ഏഴോം ഫത്ഹായി.
"പന്ത്രണ്ടു വർഷം കൊണ്ട് ഒരുപാട് ശത്രുക്കളെയും അതിലേറെ മിത്രങ്ങളെയും ഞാൻ നേടിയെടുത്തു" ഒരു വ്യാഴവട്ടം നീണ്ടു നിന്ന പടയോട്ടത്തെ ഉസ്താദ് ഒറ്റ വാക്കിൽ ഒതുക്കുന്നു.
ഇതിനിടയിൽ ഏഴോത്ത് നിന്ന് പിരിഞ്ഞതിനു ശേഷം രണ്ടുവർഷം അഭിവക്ത കണ്ണൂർ ജില്ലാ എസ് വൈ എസിന്റെ ഓർഗനൈസറായി ചുമതലയേറ്റു. ഇന്നത്തെ കണ്ണൂർ, കാസർഗോഡ്, വയനാടിന്റെ വലിയൊരു ഭാഗവും ഉൾപ്പെടുന്ന വിശാലമായ ഭൂപ്രദേശമാണ് അന്നത്തെ കണ്ണൂർ ജില്ല. ഓരോ മഹല്ലുകളിലും പോയി സുന്നത്ത് ജമാഅത്ത് പ്രചരിപ്പിക്കുക സംഘടിപ്പിക്കുക എന്നതാണ് ഉത്തരവാദിത്വം. ബസ്സിലും ജീപ്പിലും ബോട്ടിലും സഞ്ചരിച്ചും കാൽനടയായ് നാടും മേടും താണ്ടിയും തന്റെ ദൗത്യം നിർവ്വഹിച്ചു. വയനാട്ടിലെ കൊടും തണുപ്പിൽ പുതപ്പും വിരിപ്പുമില്ലാതെ
സഞ്ചരിക്കുകയും കിടന്നുറങ്ങുകയും ചെയ്തു. ചിലപ്പോൾ സ്വീകരിക്കാൻ ആളുണ്ടാകും. ചിലപ്പോൾ ആരും ഉണ്ടാകില്ല ചിലപ്പോൾ ഭക്ഷണം കിട്ടും. ചിലപ്പോൾ വെള്ളം പോലും കിട്ടില്ല. ആ കാലത്ത് തരുവണ അബ്ദുല്ല മുസ്ലിയാർ മാനന്തവാടി ഖതീബായിരുന്നു. "ആ തലമുറകളൊക്കെ അസ്തമിച്ചു പോയി." ഉസ്താദ് ദീർഘനിശ്വാസം വിടുന്നു.
#പ്രഭാഷണ_കലയിലെ_കുലപതി
ഭാഷയിലും സാഹിത്യത്തിലും പൊതുവെ പിന്നിലായിരുന്ന ഒരു കാലത്ത് വളരെ സ്ഫുടമായി
മനോഹരമായ ഭാഷയിൽ
ശ്രോതാക്കളുടെ മനസ്സിലേക്ക് പെയ്തിറങ്ങുന്ന ശൈലിയിൽ സംസാരിക്കുന്ന അപൂർവ്വം ചില പ്രഭാഷകരിൽ ഒരാളായിരുന്നു കെ. പി ഉസ്താദ്.
ചപ്പാരപ്പടവ് ദർസിൽ
തലയിണകൾ കുത്തനെ വച്ച്
അവയെ നോക്കി പ്രസംഗിച്ചു പരിശീലിച്ചു. എടച്ചാക്കൈ ദർസിൽ ശഅബാൻ 15 ന് ശേഷം രണ്ടാം ദർസിൽ പ്രസംഗ പരിശീലനമാണ്.
പൊതുവെ നല്ല ഭാഷ ചതുർത്തിയായിരുന്ന, മികച്ച പ്രസിദ്ധീകരണങ്ങളൊന്നും ലഭ്യമല്ലാത്ത കാലത്ത് വളരെ മനോഹരമായ ഭാഷ പഠിച്ചെടുത്തത് സ്വന്തമായി ചില പ്രസിദ്ധീകരണങ്ങൾ സംഘടിപ്പിച്ച് വായിച്ചായിരുന്നു.
നിറ യൗവ്വനത്തിൽ ഏറ്റവും കൂടുതൽ പ്രസംഗിച്ചത് ലീഗിന്റെ വേദികളിലായിരുന്നു. "ലീഗിലൂടെയാണ് ഞാൻ വാഇള് ആയത്." തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉസ്താദ് കുലുങ്ങി ചിരിക്കുന്നു. കാസർഗോഡ് മണ്ഡലത്തിൽ കെ.ജി മാരാർക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്.
പ്രഭാഷകൻ മാത്രമല്ല.നല്ലൊരു നിമിഷ കവി കൂടിയാണ് ഉസ്താദ്.
രാഷ്ട്രീയത്തിന് വേണ്ടി പാട്ട് ഉണ്ടാക്കും. തെരഞ്ഞെടുപ്പുകളും മറ്റു പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് നൊടിയിടകൊണ്ട് പാരഡിയുണ്ടാക്കി സ്റ്റേജിൽ അവതരിപ്പിക്കും.
"ലീഗ് താളല്ല തൈരല്ല ആലല്ല.
അത് വെയിലത്ത് നട്ട ചെടിയാണ് "
ലീഗിന് വേണ്ടി തയ്യാറാക്കിയ പാട്ടുകളുടെ വലിയൊരു സ്റ്റോക്ക് തന്നെയുണ്ട്.
ചില സ്ഥലങ്ങളിൽ വൈകുന്നേരം ലീഗ് യോഗവും രാത്രി വഅളുമായിരിക്കും. ലീഗ് പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗിൽ സജീവമായി. അന്ന് ലീഗിന്റെ വേദികൾ ചാരിറ്റിക്ക് വേണ്ടി നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.
ആദ്യകാലത്ത് ലീഗിലും
പിന്നീട് എസ് വൈ എസിന്റെ
വേദികളിലുമായി
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആയിരക്കണക്കിനു സദസ്സുകളെ
അഭിമുഖീകരിച്ചു. 10 മണിക്ക് തുടങ്ങി പാതിരാത്രി വരെ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങൾ.ഉറുദി പറയുന്ന സ്ഥലത്ത് പാവങ്ങൾക്ക് വരും. അവർക്ക് വേണ്ടി പിരിവെടുത്ത് സഹായിക്കും. അനവധി നിരവധി മദ്രസകൾക്കും പള്ളികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി പിരിച്ചു.
പത്ത് ദിവസവും രണ്ടാഴ്ചയുമൊക്കെ തുടർച്ചയായി വഅള് പറഞ്ഞിട്ടുണ്ട്. പകൽസമയങ്ങളിൽ സംഘാടകർക്ക് വേണ്ടി ആ മഹല്ലിലും പരിസരങ്ങളിലും പിരിവിനു പോകും.
അന്ന് മുട്ട ലേലം വിളിച്ച് ദുആ ചെയ്ത്
കൊടുത്താൽ വലിയ ഫലമായിരുന്നു. സ്ത്രീകൾ ആഭരണങ്ങൾ ഊരി തരും.
നീണ്ട വഅള് കഴിയുമ്പോഴേക്കും
അനേകം അറിവുകളും
വിഷയങ്ങളും ശ്രോതാക്കൾക്ക് ലഭിച്ചിട്ടുണ്ടാകും. ധാരാളം മസ്അലകൾ അവർ പഠിക്കും. ഒട്ടേറെ സംശയങ്ങൾ നീങ്ങിയിട്ടുണ്ടാകും. ആത്മീയതയും സ്വഭാവ സംസ്കരണവും അവർ ആർജിച്ചെടുക്കും. കണ്ണീർ തുടച്ച് ആമീൻ പറഞ്ഞ് ഈമാൻ നിറഞ്ഞ്
അവർ മടങ്ങും.
പതിറ്റാണ്ടുകളുടെ വഅള് അനുഭവങ്ങളിൽ
ഓർത്തെടുക്കാൻ ഉസ്താദിന് പലതുമുണ്ട്.
വയനാട് പിണങ്ങോടിനടുത്ത കാവുംമന്നത്ത് അഞ്ചു ദിവസം വഅള്. അഞ്ച് ദിവസവും സ്റ്റേജിൽ #മടവൂർ_സി_എം (ഖ:സി) ഉണ്ടായിരുന്നു. വഅള് കഴിഞ്ഞ് ലേലം തീരുന്നതുവരെ ഇരിക്കും. തുടക്കത്തിൽ "ഫാത്തിഹ വിളിക്കൂ.." ഫാത്തിഹ ഓതിയാൽ
"ദുആ ചെയ്യൂ.." ദുആ കഴിഞ്ഞാൽ "പ്രസംഗം ആരംഭിക്കൂ.." ഈ മൂന്ന് വാക്കുകൾ പറയും. മറ്റൊന്നും പറയില്ല.
മറ്റൊരു സ്ഥലത്ത് ഒരു നബിദിന യോഗത്തിൽ സ്റ്റേജിലുണ്ടായിരുന്ന
സീയെമ്മിനോട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു.
بسم الله الرحمن الرحيم. إنّ الله وملائكته يصلون على النبي يا ايها الذين امنوا صلوا عليه وسلموا تسليما.
എന്ന ആയത്ത് ഓതി അൽപനേരം മൗനം പാലിച്ചു. പിന്നെ അതിന്റെ അർത്ഥം പറഞ്ഞു.
"അല്ലാഹുവും അവന്റെ മലക്കുകളും ആദരവായ നബിയുടെ മേൽ സ്വലാത്തും സലാമും വർഷിക്കുന്നു. ഓ സത്യവിശ്വാസികളേ അതുകൊണ്ട് നിങ്ങളും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക."
വീണ്ടും കുറച്ച് നേരം മൗനം.
عظّموا شعائر الله.
"നിങ്ങൾ അല്ലാഹുവിന്റെ
ചിഹ്നങ്ങളെ ബഹുമാനിക്കുക"
പോരേ..."
സീയെമ്മുമായി ബന്ധപ്പെട്ട് ചില ഓർമ്മകൾ കൂടിയുണ്ട്.
"ഒരിക്കൽ കാണാൻ ചെന്നപ്പോൾ
കുളിച്ച് ഡ്രസ്സ് മാറ്റുകയാണ്
ബനിയൻ ധരിച്ച് പകുതി ആയിട്ടുണ്ട്.എന്നെ കണ്ടപ്പോൾ ആ ബനിയൻ തിരിച്ചൂരിയെടുത്ത് "ഇത് നിങ്ങൾക്ക് പാകമാണ്" എന്ന് പറഞ്ഞ് എനിക്ക് തന്നു."
വീടിന് വേണ്ടി സ്ഥലം എടുത്തു. ഏഴ് സെന്റ് . ചെറിയൊരു വീട്. അതേ ലക്ഷ്യമുള്ളൂ.വിഷയം പറഞ്ഞപ്പോൾ
"കുറച്ചുകഴിഞ്ഞാൽ വലിയ വീടുണ്ടാക്കാം അല്ലേ.."
എന്നായിരുന്നു പ്രതികരണം.
കുറ്റിയടിക്കാൻ ദിവസവും പറഞ്ഞ് തന്നു. അന്ന് ചെറിയൊരു വീടായിരുന്നു എടുത്തത്. പിന്നീട്
സ്ഥലവും വീടും എല്ലാം വലുതായി.
മക്കളും നല്ല വീടുകൾ എടുത്തു.
#SYS
പിന്നീട് മുഴുസമയം സംഘടനാ സംവിധാനങ്ങളിലൂടെയുള്ള ദീനി ദഅവത്തിലേക്ക് നീങ്ങി. സമസ്ത, SYS, വിദ്യാഭ്യാസ ബോർഡ്, ജംഇയ്യത്തുൽ മുഅല്ലിമീൻ
തുടങ്ങി സകല സംഘടനാ സംവിധാനങ്ങളുടെയും
മേൽത്തട്ട് മുതൽ താഴെ തട്ട് വരെ
ഉസ്താദിന്റെ പ്രവർത്തനമണ്ഡലം സജീവമായി.
ജാമിഅ സഅദിയ്യ മുതൽ
അൽമഖർ വരെ പരന്നുകിടക്കുന്ന ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപന സമുച്ചയങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചു.
അറിയപ്പെട്ട പണ്ഡിതന്മാരുടെയെല്ലാം
കൂടെ പ്രവർത്തിച്ചു.
കാസർകോട് തളങ്കരയിൽ നടന്ന പണ്ഡിത സമ്മേളനത്തിൽ
കോട്ടുമല ഉസ്താദിന്റെ കുട നഷ്ടപ്പെട്ട് ഉസ്താദിന്
പുതിയൊരു കുട വാങ്ങി കൊടുത്തതും സിറാജ് ദിനപത്രത്തിന്റെ ഉദ്ഘാടനത്തിന്
ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാരെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതും തുടങ്ങി
തിരയടങ്ങാത്ത ഓർമ്മകളുടെ തീരത്ത് ചരിത്രത്തിന്റെ ചക്രവാളങ്ങളിലേക്ക് കണ്ണും നട്ടിരുന്ന് സമയം പോയതറിഞ്ഞില്ല.
ബി കുട്ടിഹസൻ ഹാജിയുടെ പ്രസംഗത്തിലൂടെയാണ്
സുന്നിയ്യത്ത് കയറുന്നത്
പിന്നീടത് എസ്. വൈ.എസി ലൂടെ പൂർണമായി.
ലീഗ് ജ്വരം പതിയെ പതിയെ ആവിയായി. അത് ലീഗിന്റെ സുന്നി വിരുദ്ധതയോടുള്ള എതിർപ്പിനു പുറമെ കക്ഷിരാഷ്ട്രീയത്തോടു തന്നെയുള്ള പൊതുവായ വിയോജിപ്പായിരുന്നു.
സമസ്തയുടെ പിളർപ്പിനു ശേഷം ഉണ്ടായ വിയോജിപ്പോ എതിർപ്പോ ആയിരുന്നില്ല അത്. പിളർപ്പിന് എത്രയോ മുമ്പ് തന്നെ ആ നിലപാടിലേക്കെത്തിയിരുന്നു.
#മൂവർ_സംഘം
KP. PK. KP ; പ്രാസ്ഥാനിക രംഗത്തെ
കരുത്തരായ മൂവർ സംഘത്തിന്റെ
ചുരുക്കപ്പേരാണിത്. രണ്ടു കെ.പി മാർ മറ്റാരുമല്ല ഒന്ന് നമ്മുടെ എല്ലാമെല്ലാമായ #അൽ_ആലിമുൽ_അല്ലാമ_കെ_പി_ഹംസ_മുസ്‌ലിയാർ (ചിത്താരി ഉസ്താദ്) റഹിമഹുല്ലാഹ് യും രണ്ട് നമ്മുടെ കഥാപുരുഷൻ കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഹഫിളഹുല്ലാഹ് യും.
KP തിരിച്ചിട്ടാൽ PK എന്നായി. പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന #പി_കെ_അബൂബക്കർ_മുസ്‌ലിയാർ_നരിക്കോട് റഹിമഹുല്ലാഹ് യാണ് രണ്ട് കെ പിക്കിടയിലെ ഫാസില. വേണമെങ്കിൽ ഫാസില ഇങ്ങനെയും മാറ്റാം. ഒരു ഹംസയും രണ്ട് അബൂബക്കറും.
എന്തൊരു ചേർച്ച! മാശാ അല്ലാഹ്!
ഹംസ ഉസ്താദ് കളിക്കൂട്ടുകാരനാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. "റമദാൻ ലീവിന് നാട്ടിൽ എത്തിയാൽ ഹംസ ഉസ്താദ് കിതാബ് നോക്കി
പള്ളിയിൽ കൂടും. എനിക്ക് ആ
ശീലങ്ങളൊന്നുമില്ല. തറാവീഹിന്
ശേഷം ഉറുദി പറയും. രാത്രി നിലാവെളിച്ചത്തിൽ ഞങ്ങൾ
സൈക്കിൾ പഠിച്ചു. അത്താഴം വരെ ഉറങ്ങില്ല. പകൽ ഉറങ്ങും."
"പട്ടുവം മഹല്ലിലെ എല്ലാ വിഷയങ്ങളും തീരുമാനിച്ചിരുന്നത് ഞങ്ങൾ രണ്ടു പേരുമായിരുന്നു."
ആ ബന്ധം സഹപ്രവർത്തകനായും
സഹയാത്രികനായും ആത്മമിത്രമായും അനുഗാമിയായും അവസാനം വരെ തുടർന്നു.
എന്തിനും മടിക്കാത്ത ജാഹിലുകളായ
മഹാ ഭൂരിപക്ഷം വരുന്ന അണികളെ ഇളക്കി വിട്ട് എതിരാളികൾ അക്രമങ്ങളും ആക്രോശങ്ങളും പരിഹാസങ്ങളും ഭീഷണികളും അഴിച്ചുവിട്ട നാളുകൾ. നിർഭയം പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ പറ്റാത്ത കാലം. മുന്നോട്ടുവെച്ച കാൽ
പിന്നോട്ട് വെച്ചില്ല. സധൈര്യം മുന്നോട്ടു നീങ്ങി. "ആ കാലത്തെ
ധീരമായ നേതൃത്വം പി.കെ ആയിരുന്നു." ധീരനായ
കൂട്ടുകാരന്റെ ഓർമ്മകൾ ഉസ്താദിന്റെ കണ്ണുകളിൽ
അഭിമാന ജ്വാലകൾ പടർത്തി.
ഏറ്റു വാങ്ങിയ ഏറുകൾക്കും കൂക്കുവിളികൾക്കും
വഴിതടയലുകൾക്കും കണക്കില്ല
നൂഞ്ഞേരിയിലെ ഏറും മൗക്കോട്ടെ
വഴിതടയലുമൊക്കെ ഇന്നും മറക്കാൻ കഴിയാത്തതാണ്.
താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഒട്ടു മിക്ക സംഘടനാ സ്ഥാപന സംവിധാനങ്ങളുടെയും തലപ്പത്ത് പ്രവർത്തിച്ച ഉസ്താദ്
SMA (സുന്നി മാനേജ്മെന്റ് അസോസിയേഷൻ)
രൂപീകരിച്ചപ്പോൾ അതിന്റെ
പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു
പാറന്നൂർ പി പി മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ റഹിമഹുല്ലാഹ് ആയിരുന്നു പ്രസിഡന്റ്.
നിലവിൽ കേരള മുസ്ലിം ജമാഅത്ത്
സംസ്ഥാന ഉപാധ്യക്ഷൻ,
അൽമഖർ വർക്കിങ് പ്രസിഡന്റ്
തുടങ്ങിയ പദവികൾ വഹിക്കുന്നു.
#രാജപാത
"കണ്ണിയത്തിന്റെയും പി.എ ഉസ്താദിന്റെയും വഴിയാണ് ഹംസ ഉസ്താദിന്റേത്. ഹംസ ഉസ്താദുമായുള്ള സഹവാസ ത്തിലൂടെ അതേ വഴി തന്നെയാണ്
എനിക്കും കിട്ടിയത്."
ഒരു സദസ്സിൽ സർവാംഗീകൃത നായ ഒരു മഹാൻ ചായകുടിച്ച്
ബാക്കി കണ്ണിയത്തിന് നേരെ നീട്ടി. എനിക്ക് നിങ്ങളുടെ ബകിയ്യത്ത് വേണ്ട. കമ്മിറ്റിക്കാരുടെ വക ചായയുണ്ട് എന്നായിരുന്നു കണ്ണിയത്തിന്റെ മറുപടി.
ജാവക്കൽ ഔലിയ എന്നറിയപ്പെടുന്ന മഹാനെ ഒരു കാലത്ത് കേരളത്തിലുടനീളം
സ്വീകരിച്ചാനയിച്ചിരുന്നു.
കാഞ്ഞങ്ങാട് അത്തരമൊരു പരിപാടിയിൽ പി എ ഉസ്താദിനെ
ക്ഷണിച്ചു. എല്ലാവരും
അദ്ദേഹത്തെ അത്യാദര പൂർവ്വം
ജാവക്കൽ ഔലിയ എന്ന് വിശേഷിപ്പിച്ചപ്പോൾ
പി. എ ഉസ്താദ്
അഭിസംബോധന ചെയ്തത് "ബഹുമാനപ്പെട്ട ജാവക്കൽ സാഹിബ്" എന്നായിരുന്നു
ഇതാണ് ആ വഴി. ആദരവും ബഹുമാനവും എല്ലാമുണ്ട്. പക്ഷെ
പിന്നാലെ കൂടുന്ന പരിപാടിയില്ല.
അത് കൊണ്ട് തന്നെ
ആരെയും തേടി പോയില്ല. ആരിൽ നിന്നും ഇജാസത്തുകൾ വാങ്ങിയിട്ടില്ല. എന്നാൽ അനേകം മഹത്തുക്കളെ കണ്ടുമുട്ടുകയും അവരുടെ ആശീർവാദം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആരാണെന്ന ചോദ്യത്തിന് ഉടനടി മറുപടി വന്നു.
എം എ ഉസ്താദ്!"
#കുടുംബം
ഭാര്യ ഖദീജ കെ എ
മക്കൾ അഷ്‌റഫ് (ദമാം അൽ മഖർ പ്രസിഡന്റ് )
ത്വയ്യിബ് (റിയാദ് അൽ മഖർ സെക്രട്ടറി )
അനസ് (SYS തളിപ്പറമ്പ സോൺ ഫിനാൻസ് സെക്രട്ടറി )
സലീം (RSC സൗദി നാഷണൽ )
മുനീറ
റഷീദ
സഫൂറ
സംറ
നവതിയോട് അടുക്കുമ്പോഴും
പ്രായം തളർത്താത്ത
കർമ്മ വീര്യവുമായി, നിറ പുഞ്ചിരിയുമായി
സേവന പഥത്തിൽ
സജീവമാണ് കെ പി ഉസ്താദ്.
അല്ലാഹു ഉസ്താദിനും നമുക്കും
ആഫിയത്തും ആയുരാരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ
ഉസ്താദിന്റെ കുടുംബത്തിലും മക്കളിലും സേവന മണ്ഡലങ്ങളിലും നാഥൻ ബറക്കത്ത് ചൊരിയട്ടെ ആമീൻ
ഈ കുറിപ്പിൽ പരാമർശിക്കപ്പെട്ടവരും
അല്ലാത്തവരുമായ
വിട പറഞ്ഞു പോയ എല്ലാ
ആലിമീങ്ങൾക്കും നേതാക്കൾക്കും
നിസ്വാർത്ഥരായ പ്രവർത്തകർക്കും മുഅ്മിനീങ്ങൾക്കും അല്ലാഹു
മഗ്ഫിറത്തും മർഹമത്തും നൽകട്ടെ
ആമീൻ
ബശീർ നദ്‌വി കൊട്ടില
9846599355
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ